This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള കരകൗശല വികസന കോര്‍പ്പറേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള കരകൗശല വികസന കോര്‍പ്പറേഷന്‍

കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ ഒരു വിപണന ശാല

കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം. കേരളത്തിലെ കരകൗശലമേഖലയുടെ വികസനം, കരകൗശല തൊഴിലാളികളുടെയും കരകൗശല കലാകാരന്മാരുടെയും ഉന്നമനം, ക്ഷേമം എന്നിവ ലക്ഷ്യമാക്കി 1968-ലാണ് കേരളസര്‍ക്കാര്‍ കേരള കരകൗശല വികസന കോര്‍പ്പറേഷന് രൂപം നല്‍കിയത്. തിരുവനന്തപുരത്തുള്ള ശ്രീമൂലം തിരുനാള്‍ ഷഷ്ട്യബ്ദപൂര്‍ത്തി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്.എം.എസ്.എം. ഇന്‍സ്റ്റിറ്റ്യൂട്ട്) എന്ന എംപോറിയവുമായി പ്രവര്‍ത്തനം ആരംഭിച്ച കോര്‍പ്പറേഷനു കീഴില്‍ ഇന്ന് ഭാരതത്തിലെ മെട്രോ നഗരങ്ങളായ ന്യൂഡല്‍ഹി, ചെന്നൈ, ബംഗ്ളൂരു എന്നിവിടങ്ങളിലും കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ സ്ഥലങ്ങളിലും ടൂറിസ്റ്റു കേന്ദ്രങ്ങളായ ഊട്ടി, കൊടൈക്കനാല്‍, ഗോവ, ഫോര്‍ട്ട് കൊച്ചി മുതലായ സ്ഥലങ്ങളിലുമുള്‍പ്പെടെ 17 ഷോറൂമുകള്‍ കൈരളി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നു.

കരകൗശല തൊഴിലാളികളില്‍ നിന്നും ശേഖരിക്കുന്ന കരകൗശല ഉത്പന്നങ്ങള്‍ കോര്‍പ്പറേഷന്റെ വിവിധ വിപണന കേന്ദ്രങ്ങള്‍ വഴി വിപണനം നടത്തുക, കരകൗശല കലാകാരന്മാര്‍ക്ക് അവര്‍ നിര്‍മിക്കുന്ന കരകൗശല വസ്തുക്കള്‍ക്ക് ന്യായവില നല്കിക്കൊണ്ടാണ് കോര്‍പ്പറേഷന്‍ അവരില്‍ നിന്നും കരകൗശല വസ്തുക്കള്‍ നേരിട്ട് ശേഖരിച്ച് വിപണനം നടത്തുക, കരകൗശല വസ്തുക്കള്‍ക്ക് പുതിയ വിപണന സാധ്യതകള്‍ കണ്ടെത്തുന്നതിനും മാര്‍ക്കറ്റിനനുസൃതമായ നൂതന ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുമായി ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളില്‍ ക്രാഫ്റ്റ് ബസാര്‍, മാര്‍ക്കറ്റ് മീറ്റ് എക്സിബിഷനുകള്‍ മുതലായ മേളകള്‍ സംഘടിപ്പിക്കുക, ഇത്തരം മേളകളില്‍ കരകൗശല കലാകാരന്മാര്‍ക്ക് അവരുണ്ടാക്കുന്ന സാധനങ്ങള്‍ നേരിട്ടു പ്രദര്‍ശിപ്പിക്കുവാനും വിപണനം നടത്തുവാനും അവസരം സൃഷ്ടിക്കുക മുതലായവയാണ് കോര്‍പ്പറേഷന്റെ പ്രധാന ചുമതലകള്‍.

കരകൗശല തൊഴിലാളികളുടെ ഉന്നമനത്തിനായി കോര്‍പ്പറേഷന്‍ പല ക്ഷേമപദ്ധതികളും നടപ്പാക്കിവരുന്നു. മൂലധനദൌര്‍ലഭ്യം പരിഹരിക്കുന്നതിനായി കുറഞ്ഞ പലിശനിരക്കില്‍ നീണ്ട അടവുകാലാവധിയുള്ള വായ്പാപദ്ധതികള്‍ അനുവദിക്കുന്നതാണ് ഇതില്‍ പ്രധാനം. തൊഴില്‍ സാധ്യതയേറിവരുന്ന മുള, ചൂരല്‍ തുടങ്ങിയ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ നിര്‍മാണത്തില്‍ വിദഗ്ധപരിശീലനത്തിനായി യുവാക്കളെ സ്റ്റൈപെന്റോടെ കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള അഗര്‍ത്തലയിലെ ബാംബൂ ആന്‍ഡ് കെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനത്തിനായി കോര്‍പ്പറേഷന്‍ അയയ്ക്കുന്നുണ്ട്. കരകൗശല ശാക്തിക ഏകീകരണത്തിനായി തിരുപുരം (എംബ്രോയിഡറി), ഇരവിപുരം (ലെയിസ് വര്‍ക്ക്), കൊയിലാണ്ടി (ചിരട്ട), ചരിപ്പറമ്പ് (ബാംബൂ ആന്‍ഡ് കെയിന്‍), മാന്നാര്‍ (വെങ്കലം), പൂക്കോട്ടുംപാടം (ബാംബൂ) എന്നിവിടങ്ങളില്‍ പ്രാദേശികകേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത് പദ്ധതികള്‍ നടപ്പാക്കിവരുന്നു. കരകൗശല ആര്‍ട്ടിസാന്മാരെ ജനശ്രീ ബീമാ യോജന ഇന്‍ഷ്വറന്‍സ് എന്ന പദ്ധതിക്കു കീഴില്‍ ഇന്‍ഷ്വര്‍ ചെയ്യുന്ന ഒരു സാമൂഹിക സുരക്ഷാപദ്ധതികൂടി കോര്‍പ്പറേഷന്‍ നടപ്പാക്കിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍